Friday, May 17, 2013

മാന്യന്മാരുടെ കളി

മാതൃഭൂമി വാര്‍ത്തയുടെ തുടക്കം ഇങ്ങനെ...
ന്യൂഡല്‍ഹി: മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍,...
(http://www.mathrubhumi.com/story.php?id=361771)
.................................
പണക്കാരുടെ കളി എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം!

വളരെ ‘ലളിതമായി, കോടി’കളുടെ ഓഹരികള്‍ പല ടീമിലും സ്വന്തമാക്കിയ ഇതിന്റെ സ്ഥാപകന്‍, അപമാനകരമായ രീതിയില്‍ പുറത്തായി!

രാജ്യത്തെ സുരക്ഷാഭടന്മാരെ സ്വന്തം വീട്ടുകാവലിനു വിലക്കെടുത്ത ഒരു ടീം ഉടമസ്ഥന്‍!

സമ്മാനമായി എവിടുന്നോ കിട്ടിയ ആഢംബരവാഹനത്തിനു നികുതി ഒഴിവാക്കി കിട്ടാന്‍ അപേക്ഷിച്ച പാവം രാജ്യസഭാംഗം, അദ്ദേഹമാണത്രേ ഈ കളിയുടെ ദൈവം!

മദ്യരാജാവിനും ഉണ്ട് സ്വന്തമായി ഒരു ടീം! കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതുവരെ കാത്തിരിക്കുന്ന ബാങ്കുകള്‍ മത്സരിക്കുകയാണ് ഈ പട്ടിണിപ്പാവത്തിന്റെ കടം എഴുതിത്തള്ളാന്‍!

ഇന്ത്യന്‍ നായകന്റെ വീട്ടിനു പരിസരത്തും ഉണ്ടായി, കുടിവെള്ളക്ഷാമമുള്ള സ്ഥലത്ത് സ്വകാര്യ നീന്തല്‍ക്കുളം സ്ഥാപിച്ചതിനെതിരെ നാട്ടുകാരുടെ സമരം!

ലോകത്തിലെ ഏറ്റവും നല്ല ബോളര്‍ ലോകകപ്പില്‍ മരുന്നടിച്ചതിനു പുറത്താക്കപ്പെട്ടവന്‍, നിശാക്ലബ്ബുകളുടെ സ്ഥിരം തോഴന്‍!

കോഴക്കേസില്‍ ഒരാള്‍ക്കെതിരെ എങ്കിലും ആരോപണം ഉയരാത്ത ഏതെങ്കിലും രാജ്യം ഈ കളീയില്‍ ലോകകപ്പ് നേടിയിട്ടുണ്ടോ?
...................................

കോടികളുടെ അഴിമതികള്‍ ആരോപിക്കപ്പെട്ടിട്ടും, മിക്കവാറും തെളിയിക്കപ്പെട്ടിട്ടും, ഇന്നും ഭരിക്കുന്നവരുടെ നാടാണിത്.
മാനഭംഗകേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനങ്ങളും അദ്ധ്യക്ഷസ്ഥാനങ്ങളും വഹിക്കുന്ന നാട്.
ഇവരെയൊക്കെ വീണ്ടും വീണ്ടും ഭരണമേല്‍പ്പിക്കുന്ന കഴുതകളുടെ നാട്!!!
മുക്കിലും മൂലയിലും പീഢനവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നാട്, ‘സദാചാരി’കളുടെ സ്വന്തം നാട്!
... ഈ ലിസ്റ്റ് എഴുതിപൂര്‍ത്തിയാക്കാന്‍ ഒരിക്കലും സാധിക്കാത്ത നാട്!
......................................

ഇതില്‍ ആരുടെ മാന്യതയാണ് ശ്രീശാന്തിനെതിരെ താരതമ്യേന ചെറിയ, ഇതുവരെ തെളിയിക്കപ്പെടാത്ത ഒരു ആരോപണം ഉയര്‍ന്നപ്പോഴേക്കും തകര്‍ന്നു വീണത്? അതോ ‘മാന്യത’ എന്ന വാക്കിന് പുതിയ അര്‍ത്ഥങ്ങള്‍ വല്ലതും ഉണ്ടായോ? മാന്യമായ (പഴയ അര്‍ത്ഥത്തില്‍) പല വാക്കുകള്‍ക്കും (ഉദാ: ഐസ്ക്രീം) അര്‍ത്ഥഭേദം സംഭവിച്ച നാടാണല്ലോ ഇത്!

ഇനിയിപ്പോള്‍ സത്യത്തില്‍ അയാള്‍ ആ കുറ്റം ചെയ്തെങ്കില്‍ തന്നെ (അങ്ങനെയാവാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു) ഞാനതിനെ ഇങ്ങനെയേ വിശേഷിപ്പിക്കൂ...

“ചേരയെത്തിന്നുന്നവരുടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു ചെറിയ കഷണം അവനും തിന്നു! നടുക്കഷണം ഒന്നും എന്തായാലും അവനു കിട്ടിയിട്ടില്ല, അതിനി ഏതു കോടതി പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല!!!”

No comments: